ബോളിവുഡ് ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ കയറിപ്പറ്റാന്‍ തന്നെ പാടുപെടുമ്പോള്‍ തെലുങ്ക് ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ തന്നെ 200 കോടി ക്ലബ്ബിലും അതിനു മുകളിലുമൊക്കെ കയറുന്നുണ്ട്

കൊവിഡ് കാലം ഏറ്റവും മോശമായി ബാധിച്ച ഇന്ത്യയിലെ ചലച്ചിത്ര വ്യവസായം ബോളിവുഡ് (Bollywood) ആയിരിക്കും. കൊവിഡിനു മുന്‍പ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായമായിരുന്ന ബോളിവുഡിന് ഇന്ന് ആ പദവിയില്ല. മറിച്ച് തെലുങ്ക് വ്യവസായമാണ് ആ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ കയറിപ്പറ്റാന്‍ തന്നെ പാടുപെടുമ്പോള്‍ തെലുങ്ക് ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ തന്നെ 200 കോടി ക്ലബ്ബിലും അതിനു മുകളിലുമൊക്കെ കയറുന്നുണ്ട്. കന്നഡ ചിത്രം കെജിഎഫ് 2ന്‍റെ (KGF 2) ഹിന്ദി പതിപ്പ് 400 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. വലിയ പ്രതീക്ഷയോടെ എത്തിക്കൊണ്ടിരിക്കുന്ന ബോളിവുഡ് താരചിത്രങ്ങളൊക്കെ ഒന്നിനുപിന്നാലെ ഒന്നെന്ന നിലയില്‍ ബോക്സ് ഓഫീസില്‍ വീഴുന്ന കാഴ്ചയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഇന്ന് തിയറ്ററുകളിലെത്തിയ ഒരു താരചിത്രത്തിനും ആദ്യദിനം നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിക്കുന്നത്.

ബോളിവുഡില്‍ ഈ സീസണിലെ പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു രണ്‍വീര്‍ സിംഗ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജയേഷ്‍ഭായി ജോര്‍ദാര്‍ (Jayeshbhai Jordaar). നവാഗതനായ ദിവ്യാംഗ് ഥക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രമാണ്. ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച തിയറ്റര്‍ കൌണ്ടും ലഭിച്ചിരുന്നു. ഇന്ത്യയില്‍ 2250 സ്ക്രീനുകളും വിദേശ മാര്‍ക്കറ്റുകളില്‍ 1250 സ്ക്രീനുകളും. പക്ഷേ റിലീസ്‍ദിനത്തില്‍ മോശം അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ച് പ്രചരിക്കുന്നത്.